അഞ്ചരക്കണ്ടിയിൽ വിദ്യാർത്ഥിയുടെ മരണം… അധ്യാപകർക്കെതിരെ ജാതി അധിക്ഷേപ ആരോപണം…. ക്യാമ്പസുകളിൽ പ്രതിഷേധം ഇരമ്പുന്നു

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ. വകുപ്പ് മേധാവി ഉൾപ്പെടെയുള്ളവർ നിതിനെ ജാതിയുടെയും നിറത്തിന്റെയും പേരിൽ നിരന്തരം അധിക്ഷേപിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തിയതോടെ വിഷയം ഗൗരവകരമായ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.
ക്യാമ്പസുകളിലേക്ക് ജാതിവെറി പരത്തുന്നവരെ ശക്തമായി കൈകാര്യം ചെയ്യുമെന്ന് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ് പറഞ്ഞു. അധ്യാപകർ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നൽകുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും വരെ സമരം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ പഴുതടച്ചുള്ള ഉന്നതതല അന്വേഷണം വേണമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും പട്ടികജാതി-പട്ടികവർഗ കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിച്ചിരുന്നതായി നിതിൻ വീട്ടുകാരോട് നേരത്തെ പറഞ്ഞിരുന്നു. ഇന്റേണൽ മാർക്ക് നൽകുന്നതിലും വിവേചനം കാണിച്ചിരുന്നു. മരിച്ച വിവരം പോലും കോളേജ് അധികൃതർ കൃത്യമായി അറിയിച്ചില്ലെന്നും വാർത്തകളിലൂടെയാണ് മരണവിവരമറിഞ്ഞതെന്നും നിതിന്റെ മാതാവ് ലത ആരോപിച്ചു.



