സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം…
പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. സാജന് ഇന്നലെ രാത്രി മുതല്‍ പനി പിടിപെട്ടതാണ് ആശങ്കക്കിടയാക്കുന്നത്. കണ്ണിനും മൂക്കിനും ഇടയിലായി മുറിവിന് രണ്ടര സെന്റീമീറ്റര്‍ അധികം വലിപ്പമുണ്ട്. കയ്യില്‍ കരുതാവുന്ന ആയുധം ഉപയോഗിച്ചാണോ മര്‍ദ്ദനം നടന്നതെന്ന് സംശയമാണ് കുടുംബം പങ്കുവെക്കുന്നത്.
അതിനിടെ കേസിലെ പ്രതിയായ സഹപാഠി കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയ കേസില്‍ മകന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പൊലീസ് ഒത്തുകളി എന്ന് ആരോപിച്ച് സാജന്റെ കുടുംബം രംഗത്തെത്തി. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണെന്നും നഷ്ടപരിഹാരം നല്‍കാത്തതിന്റെ പേരില്‍ മകനെ കേസില്‍ കൊടുക്കുകയായിരുന്നുവെന്നും കിഷോറിന്റെ കുടുംബം ആരോപിച്ചു.