നിധിൻ രാജിന്റെ മരണത്തിൽ വിദ്യാർത്ഥി-യുവജന പ്രതിഷേധം കത്തുന്നു, സംഘർഷഭരിതം…

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ വിദ്യാർത്ഥി-യുവജന പ്രതിഷേധം കത്തുന്നു. എല്ലാ യുവജന – വിദ്യാർഥി സംഘടനകളും കോളേജിലേക്ക് പ്രതിഷേധ മാർച്ചുമായെത്തി. ബാരിക്കേഡ് കടന്നും കോളേജിലേക്ക് ചാടിക്കയറിയുമുള്ള പ്രതിഷേധം സംഘർഷ ഭരിതമായിരുന്നു. കോളേജ് അധികൃതരെ പ്രതിഷേധം അറിയിക്കാൻ ആദ്യം എത്തിയ കെ എസ് യു നേതാക്കളെ രാവിലെ തന്നെ പോലീസ് തടഞ്ഞു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഞങ്ങളെയല്ല, കൊന്നവനെ പിടിക്കെടാ എന്നായിരുന്നു ഷമ്മാസ് പോലീസിനോട് വിളിച്ചുപറഞ്ഞത്. കെ എസ് യു പ്രതിഷേധത്തിന് തൊട്ടുപിന്നാലെ എം എസ് എഫിന്റെ പ്രതിഷേധവും കോളേജിലേക്കെത്തി. പിന്നാലെ പി കെ ശ്യാമളയുടെയും എൻ സുകന്യയുടെയും നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷനും കോളേജിന് മുന്നിൽ പ്രതിഷേധം ഉയർത്തി.
ക്യാമ്പസിലെ വിദ്യാർത്ഥികൾക്കൊപ്പം പ്രതിഷേധവുമായി എത്തിയ ഡി വൈ എഫ് ഐയുടെ മാർച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. നിതിന്റെ മരണത്തിൽ ശക്തമായ നടപടി വേണമെന്നും കുറ്റക്കാരായ അദ്ധ്യാപകരെ പിടികൂടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഇതിനിടെ ബി ജെ പി പ്രവർത്തകരും ശക്തമായ പ്രതിഷേധമുയർത്തി. ബാരിക്കേഡ് മറികടക്കാനുള്ള ബി ജെ പി പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞത് നേരിയ സംഘർഷങ്ങൾക്ക് കാരണമായി.



