പ്രിയപ്പെട്ട കളക്ടറാന്റിക്ക് അനുശ്രീയുടെ കത്ത്.. ‘ജൂണിൽ പേടിയില്ലാതെ സ്കൂളിൽ പോണം…

തനിക്കും കൂട്ടുകാർക്കും പേടിയില്ലാതെ സ്കൂളിൽ പോകാൻ പുതിയൊരു പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർക്ക് കത്തെഴുതി നാട്ടിൽ താരമായിരിക്കുകയാണ് ഒരു നാലാം ക്ലാസുകാരി. കളക്ടറുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പരാതി അറിയിക്കാൻ പുതിയതായി തുടങ്ങിയ സൗകര്യം ഉപയോ​ഗിച്ചാണ് കുട്ടി പരാതി നൽകിയത്. ഉപ്പുതറ പത്തേക്കർ സന്ധ്യാഭവനിൽ അനുരാജിൻ്റെയും ഗീതുവിൻ്റെയും മകൾ അനുശ്രീയാണ് ഇപ്പോൾ നാട്ടിലെ താരം. കളക്ടറുടെ ഫേസ് ബുക്ക് പേജിൽ ബുധനാഴ്ചയാണ് അനുശ്രീ അമ്മയുടെ അക്കൗണ്ടിൽ നിന്നും കത്തയച്ചത്. അഞ്ചാം ക്ലാസ്സിലേക്ക് കടക്കുന്ന താനും അനുജനും കൂട്ടുകാരും സ്കൂളിൽ പോകുന്നത് ഈ പാലത്തിലൂടെ പേടിച്ചാണ്. എപ്പോൾ വേണമെങ്കിലും താഴെ വീഴാവുന്ന പാലമാണിത്. ജൂൺ മാസം സ്‌കൂൾ തുറക്കുമ്പോൾ പേടി ഇല്ലാതെ പോകാൻ ഒരു പാലം നിർമിച്ചു തരുമോ എന്നായിരുന്ന കളക്ടറോടുള്ള അനുശ്രീയുടെ ചോദ്യം

2000 ഓഗസ്റ്റിലുണ്ടായ കനത്ത മഴയിലാണ് പത്തേക്കർ പണ്ഡാരം പടിയിലെ പാലം ഒലിച്ചു പോയത്. ഇതോടെ നൂറോളം കുടുംബങ്ങളുടെ വാഹന യാത്ര മുടങ്ങി. ഉടൻ പാലം പണിയുമെന്ന്  സ്ഥലം സന്ദർശിച്ച എംഎൽഎയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും വാഗ്ദാനം നൽകി മടങ്ങി. പക്ഷേ ഒന്നും നടന്നില്ല. കാട്ടുകമ്പുകൾ  ഉപയോഗിച്ച് നാട്ടുകാർ പണിത പാലത്തിലൂടെയാണ് തോട് മുറിച്ചു കടക്കുന്നത്. തടി ദ്രവിച്ച് എപ്പോൾ വേണമെങ്കിലും താഴെ വീഴാവുന്ന സ്ഥിതിയിലാണിപ്പോൾ പാലം പ്രായവായവരും, കുട്ടികളും ജീവൻ കയ്യിൽ പിടിച്ചാണ് പാലത്തിലൂടെ കടന്നു പോകുന്നത്. തോട്ടിൽ വെള്ളം ഉയരുമ്പോൾ പാലം ഒലിച്ചു പോകാറുമുണ്ട്. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കാമെന്ന് കളക്ടർ അനുശ്രീക്ക് മറുപടിയും നൽകി. കളക്ടർക്ക് അനുശ്രീ എഴുതിയ കത്തിൽ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ്  നാട്ടുകാർക്കുമുള്ളത്

Back to top button