ആലപ്പുഴയിൽ സ്വകാര്യ ബസിന്റെ ക്രൂരത.. വിദ്യാർഥിനി ഇറങ്ങും മുൻപ് അമിത വേഗത്തിൽ ബസ് മുന്നോട്ട് എടുത്തു.. ഗുരുതര പരുക്ക്…
ആലപ്പുഴയിൽ കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസിന്റെ കൊടുംക്രൂരത. വിദ്യാർഥിനി ഇറങ്ങും മുമ്പ് ബസ് അമിത വേഗത്തിൽ മുന്നോട്ട് എടുത്തു. വലിയ ചൂടുകാട് സ്വദേശി ദേവികൃഷ്ണയ്ക്ക് ആണ് പരുക്കേറ്റത്. ഫുട്ബോഡിൽ നിന്ന് വീണ് വൈദ്യുത പോസ്റ്റിൽ തലയിടിച്ച വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റു. ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ പോയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈരാഗ്യ നടപടി.
പുന്നപ്ര കോ ഓപ്പറേറ്റീവ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയാണ് ദേവികൃഷ്ണ. തുടർ ചികിത്സയ്ക്കായി വിദ്യാർഥിനിയെ ന്യൂറോസർജനെ കാണിക്കേണ്ടതുണ്ട്. എറണാകുളം അമൃത ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.
വലിയ ചുടുകാട് സ്റ്റോപ്പിലായിരുന്നു വിദ്യാർഥിനിയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. അവിടെ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാർ അതിന് തായാറായില്ല. സ്റ്റോപ്പ് ഉണ്ടായിട്ടുമാണ് ബസ് നിർത്താതെ പോയത്. തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ നിർത്താൻ ശ്രമിക്കുകയും ചെയ്തു. ഡോർ തുറന്നതോടെ വിദ്യാർഥിനി പുറത്തേക്കിറങ്ങാൻ നിന്നതോടെ ബസ് അമിത വേഗത്തിൽ മുന്നോട്ട് എടുക്കുകയായിരുന്നു. ഈ സമയത്താണ് വിദ്യാർഥിനി പുറത്തേക്ക് തെറിച്ച് വീഴുകയും വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് പരുക്കേൽക്കുകയും ചെയ്തത്.അപകടം ഉണ്ടായി എന്നറിഞ്ഞിട്ടും സ്വകാര്യ ബസ് നിർത്തി കുട്ടിയ്ക്ക് എന്ത് സംഭവിച്ചു എന്ന് തിരക്കാൻ പോലും തയാറായില്ല. പിന്നീട് ആലപ്പുഴ ബസ് സ്റ്റാൻഡിലാണ് ബസ് നിർത്തിയത്. വീണ സമയത്ത് വിദ്യാർഥിനിയുടെ ബോധം പൂർണമായി നഷ്ടപ്പെട്ടിരുന്നു. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്തിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റിയത്. സംഭവത്തിൽ ആലപ്പുഴയിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിനെതിരെ പോലീസ് കേസെടുത്തു.