സ്കൂൾ കഴിഞ്ഞ് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി… ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

അടിമലത്തുറ പൊഴിക്കരക്കടുത്തുള്ള കടലിൽ കുളിക്കുന്നതിനിടെ വി​ദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി. കൂട്ടുകാരനുമൊത്തു കടലിൽ കുളിക്കാനിറങ്ങിയ ജോബിൽ പത്രോസിനെ (12)യാണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകാണ് ജോബിൽ.

അടിമലത്തുറ ലൂയീസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ജോബിൽ. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടമെന്നു വിഴിഞ്ഞം കോസ്റ്റൽ എസ്എച്ഒ വിപിൻ വ്യക്തമാക്കി.

സ്കൂൾ വിട്ട ശേഷം അഞ്ചാം ക്ലാസ് വിദ്യാർഥിയായ കൂട്ടുകാരനുമൊത്താണ് ജോബിൽ കടൽ തീരത്തെത്തിയത്. കുളിക്കുന്നതിനിടെ കുട്ടി ശക്തമായ തിരയിൽപ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വിദ്യാർഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരോടു വിവരം പറഞ്ഞതിനെ തുടർന്നാണ് അപകടമറിയുന്നത്. തുടർന്നു വിഴിഞ്ഞം കോസ്റ്റ് പൊലീസിനെ വിവരമറിയിച്ചു. ഇതേത്തുടർന്നു കുട്ടിയെ കാണാതായ ഭാ​ഗത്ത് കോസ്റ്റൽ പൊലീസും ഫിഷറീസിന്റെ മറൈൻ എൻഫോഴ്സുമെന്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കോസ്റ്റൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button