വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും..

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ അടക്കം നടപടി വരും. പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കും.

അതേസമയം, പൊലീസ് ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്കൂളിൽ വീണ്ടും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്കൂളിൽ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും.

വിദേശത്തുള്ള അമ്മ സുജ നാട്ടിൽ എത്തുംവരെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും. വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.

Related Articles

Back to top button