90% മാര്‍ക്കോടെ പ്ലസ് ടു പാസായി.. ബിരുദപ്രവേശനത്തിന് കാത്തിരിക്കവെ.. പിറന്നാള്‍ദിനത്തില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു…
പിറന്നാള്‍ദിനത്തില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പൊല്പുള്ളി ചിറവട്ടത്ത് രാജന്റെയും ബിന്ദുവിന്റെയും ഏകമകള്‍ ശ്രേയയാണ് (18) മരിച്ചത്. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജന്‍ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 90% മാര്‍ക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു.