‘ഇങ്ങനെ ജീവിക്കാൻ സാധ്യമല്ല, ഞങ്ങൾ നാലുപേർ പോകുന്നു’; മറ്റു രണ്ടുപേർ ആരെല്ലാം?, വിദ്യാർഥിനികളുടെ കുറിപ്പിൽ അന്വേഷണം…

വിനോദസഞ്ചാരകേന്ദ്രമായ ഓയൂർ മുട്ടറ മരുതിമലയുടെ മുകളിൽനിന്ന് വിദ്യാർഥിനി വീണുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യാർഥിനികളുടെ ബാഗിൽ നിന്ന് കണ്ടെടുത്ത ബുക്കിൽ നിന്ന് പോകുന്നതുമായി ബന്ധപ്പെട്ട ചില സൂചനകൾ ലഭിച്ചു. ‘ഇങ്ങനെ ജീവിക്കാൻ സാധ്യമല്ല, ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകുന്നു.’ എന്നിങ്ങനെയുള്ള ചുരുക്കം ചില വാക്കുകളാണ് ബുക്കിൽ ഉണ്ടായിരുന്നത്. ‘ഞങ്ങൾ നാലുപേർ’ എന്നാണ് കത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ രണ്ടുപേർ മാത്രമാണ് പോയത്. മറ്റ് രണ്ടുപേർ ആരാണെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1000 അടിയിലധികം ഉയരമുള്ള സ്ഥലമാണ് മുട്ടറ മരുതിമല.

അടൂർ കടമ്പനാട് മേപ്പറത്ത് ഇടപ്പുര വിനു- ദീപ ദമ്പതിമാരുടെ മകൾ മീനു (13) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുണ്ടപ്പള്ളി പെരിങ്ങനാട് സുവർണഭവനിൽ സുകുവിന്റെ മകൾ ശിവർണ (14) ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിലാണ്.

ഇവരുടെ സ്‌കൂൾ ബാഗുകൾ പെരിങ്ങനാട് സ്‌കൂളിന് സമീപത്തുള്ള കടയിൽനിന്ന് വെള്ളിയാഴ്ചയാണ് ലഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും.
സംരക്ഷണവേലിക്കു പുറത്ത് സുരക്ഷിതമല്ലാത്ത സ്ഥലത്ത് രണ്ടു പെൺകുട്ടികൾ ഇരിക്കുന്നതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. പെൺകുട്ടികൾ ഇരിക്കുന്ന വിഡിയോ മൊബൈൽ ഫോണിൽ പൂയപ്പള്ളി ഇൻസ്‌പെക്ടർക്ക് ഒരാൾ അയച്ചുകൊടുക്കുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് എത്തിയപ്പോഴേക്കും ഇവർ ചാടിയിരുന്നു. ഉടൻ തന്നെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മീനുവിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

Related Articles

Back to top button