കുട്ടിയെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു.. മുഖത്ത് ഷൂസുകൊണ്ട് ചവിട്ടി.. ഏഴു വയസുകാരനായ വിദ്യാർത്ഥിക്കു നേരെ അധ്യാപകരുടെ കൊടുംക്രൂരത..
രണ്ട് ദിവസം സ്കൂളിലെത്താഞ്ഞതിന് ഏഴു വയസുകാരന് അധ്യാപകരുടെ ക്രൂര മർദ്ദനം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഏഴു വയസുകാരനായ മുസ്‌ലിം വിദ്യാർഥിയെ അധ്യാപകർ ക്രൂരമായി മർദിച്ചത്. കൈക്കും ഇടുപ്പിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ.
രണ്ട് ദിവസം സ്‌കൂളിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, രാകേശ് സൈനി, രവീന്ദ്ര എന്നീ അധ്യാപകർ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാർഥിയെ മർദിച്ചത്. ഹരിദ്വാറിലെ ജാബ്രേര ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് ഈ ക്രൂരത.
കുട്ടിയെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞെന്നും, മുഖത്ത് ഷൂസുകൊണ്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. കൈക്കും, ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്.
മർദന വിവരം പ്രിൻസിപ്പാളിനെ അറിയിക്കാനെത്തിയപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു. സ്‌കൂൾ അധികൃതരുടെ നടപടിയെടുക്കാത്തതിനെ തുടർന്ന്, കുട്ടിയുടെ പിതാവ് ജാബ്രേര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
2015 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 ബിഎൻഎസിലെ സെക്ഷൻ 115 ,351 എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.