മാവേലിക്കരയിൽ കുടുങ്ങി… രേഖകൾ ഇല്ലാതെ ബാംഗ്ലൂരിൽ നിന്ന് ചരക്കുമായി കേരളത്തിൽ… 1.2 ലക്ഷം പിഴ കുടിശ്ശിഖ… ഓടിച്ച ഡ്രൈവർക്ക് ലൈസൻസുമില്ല…

മാവേലിക്കര: രേഖകളില്ലാത്തതും ഓടിച്ച ഡ്രൈവർക്ക് ലൈസൻസ് ഇല്ലാത്തതുമായ തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള നാഷണൽ പെർമിറ്റ് ലോറി മാവേലിക്കരയിൽ പിടികൂടി. വർഷങ്ങളായി രേഖകളില്ലാതെയും പിഴ അടക്കാതെയും ഓടിയ വാഹനം കഴിഞ്ഞദിവസം ചേർത്തലയിൽ വച്ച് ആലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ശ്രദ്ധയിൽ പെടുകയും കേസ് ചാർജ് ചെയ്തു കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ കസ്റ്റഡിയിലെടുത്ത വാഹനം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഡ്രൈവർ കടത്തുകയായിരുന്നു. അപ്പോൾ തന്നെ ഉദ്യോഗസ്ഥർ ആലപ്പുഴ ആർ.ടി.ഒ എ.കെ ദിലുവിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല മുഴുവനും പരിശോധന കർശനമാക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. വാഹനം കണ്ടെത്തുവാനായി മഫ്തി സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് വാഹനം മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ ചരക്കിറക്കുവാനായി എത്തിയിട്ടുണ്ടെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി.ഐ മോഹൻലാലിന് വിവരം ലഭിച്ചത്. സംഘം വിവരം ആർ.ടി.ഒയെ അറിയിച്ചു. വാഹനം പിടിച്ചെടുക്കുവാൻ ആർ.ടി.ഓ മാവേലിക്കര ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാത്രി 8 മണിയോടെ മാവേലിക്കര ജോയിൻറ് ആർ.ടി.ഒ എം.ജി മനോജ്, എം.വി.ഐ മോഹൻലാൽ, എം.എം.വി.ഐ സജു.പി ചന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘം വാഹനം പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവക്ക് വാഹനം ഓടിക്കുവാൻ സാധുവായ ഡ്രൈവിംഗ് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. വാഹനത്തിൻറെ രേഖകൾ ഒന്നുംതന്നെ സാധു അല്ലെന്നും 1,20,000 രൂപ പിഴയിനത്തിൽ കുടിശ്ശിക അടയ്ക്കാൻ ഉള്ളതായും കണ്ടെത്തി.

ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയതോടുകൂടി വാഹനങ്ങൾക്ക് യഥേഷ്ടം അതിർത്തി കടക്കാം എന്ന ആനുകൂല്യം മറയാക്കിയാണ് തമിഴ്നാട് രജിസ്ട്രേഷൻ വാഹനം ബാംഗ്ലൂരിൽ നിന്ന് ചരക്കുമായി കേരളത്തിൽ എത്തിയത് എന്നാണ് നിഗമനം. മുഴുവൻ പിഴയും അടയ്ക്കാതെ വാഹനം വിട്ടുനിൽക്കില്ലെന്ന് ആർ.ടി.ഒ എ.കെ ദിലു അറിയിച്ചു.

Related Articles

Back to top button