കൊല്ലത്ത് 3 പഞ്ചായത്തുകളിൽ തെരുവുനായ ആക്രമണം…

കൊല്ലം: തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിലാണ് 12 മണിക്കൂറോളം നായ ഭീതി നിറച്ചത്. വളർത്തു നായകൾക്കും കന്നുകാലികൾക്കും കടിയേറ്റു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് നായയുടെ ആക്രമണം തുടങ്ങിയത്. ശൂരനാട് വടക്ക് ആനയടി പാറ ജംക്ഷനു വടക്ക് കശുവണ്ടി ഫാക്ടറിക്കു സമീപം ഉഷാലയം എന്ന വീടിന്റെ പാതി ചാരിയ വാതിൽ കടന്നെത്തിയ നായ ഉറങ്ങുകയായിരുന്ന 78 കാരി മണിയമ്മ യെ ആക്രമിച്ചു. നെഞ്ചിനും കൈകൾക്കും കടിയേറ്റു.
സമീപത്തെ വീടിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന 58 വയസുള്ള ശിവദാസനെയും ആക്രമിച്ചു. ഇയാളുടെ ചെവിയുടെ പിറകിലും തലയിലും മൂക്കിലുമാണ് കടിയേറ്റത്. തുടർന്ന് അരുവന്നൂർവിള കിഴക്കേതിൽ ഗോപിനാഥൻ പിള്ള (80), ഉണ്ണിക്കൃഷ്ണ പിള്ള (55)എന്നിവർക്കും കടിയേറ്റു. നെറ്റിയിലും പുറത്തും കൈകൾക്കും സാരമായി പരുക്കേറ്റ ഗോപിനാഥൻ പിള്ളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.



