തെരുവുനായ അടുക്കളയിൽ കയറി വന്നു..വയോധികയെ..കടിച്ച നായ ചത്ത നിലയിൽ…
വിഴിഞ്ഞം ചൊവ്വരയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വയോധികയ്ക്കും സൗണ്ട്സ് സിസ്റ്റം കട ഉടമയ്ക്കും കടിയേറ്റു. കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു
സൗണ്ട്സ് ഉടമ ഷൈൻ (41), വയോധിക ലീല (75) എന്നിവർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. വയോധികയെ വീട്ടിനുള്ളിൽ കയറിയാണ് നായ ആക്രമിച്ചത്. അടുക്കളയിൽ ജോലി ചെയ്യവെ അടുക്കള ഭാഗത്ത് നിന്നും അകത്ത് കയറിയ നായ വയോധികയുടെ തുടയിലാണ് കടിച്ചത്. ഷൈനിനെ രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ അടുത്ത് കിടക്കുകയായിരുന്ന നായ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു.
ഷൈനിന്‍റെ ചെറുവിരലിലും പാദത്തിനടിയിലും ആഴത്തിലുള്ള മുറിവേറ്റു. ഇരുവരും പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സമീപത്ത് മാലിന്യക്കൂനയ്ക്ക് സമീപം നിരവധി തെരുവുനായകൾ വന്ന് കിടക്കാറുണ്ടെന്നും അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടും ഇതുവരെ നടപടിയായില്ലെന്നും നാട്ടുകാർ പറയുന്നു