വളര്‍ത്തുമൃഗങ്ങളെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ, നായ ചത്തു; ജാഗ്രത

നിരവധി വളർത്തുമൃഗങ്ങളെ കടിച്ചുപരിക്കേൽപ്പിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ കൊടിയത്തൂർ പ്രദേശത്ത് ആശങ്ക പരന്നു. പഞ്ചായത്തിലെ കരിക്കാട് ഭാഗത്താണ് കഴിഞ്ഞ ദിവസം തെരുവ് നായയുടെ വ്യാപകമായ ആക്രമണം നടന്നത്.

രാവിലെ 11 മണിയോടെ പശുക്കിടാവിന്റെ തുടർച്ചയായ കരച്ചിൽ കേട്ട് നോക്കിയപ്പോൾ കുര്യക്കാട്ട് ജോസിന്റെ തൊഴുത്തിലാണ് നായയെ ആദ്യം കണ്ടത്. വീട്ടുകാർ നായയെ ഓടിച്ചു. തുടർന്ന് സമീപ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ കയറി വളർത്തുമൃഗങ്ങളെ ആക്രമിച്ചതായാണ് വിവരം.

വൈകീട്ടോടെ ഇതേ നായയെ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ് ജനങ്ങളിൽ ആശങ്ക വർധിച്ചത്. നായയുടെ ജഡം വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നായയുടെ സാന്നിധ്യമുണ്ടായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. പ്രദേശത്ത് ആരോഗ്യ-വെറ്ററിനറി വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button