കട്ടിലിൽ കിടക്കുകയായിരുന്ന രോഗിയ്ക്കുനേരെ തെരുവുനായ ആക്രമണം, നായയെ തല്ലിക്കൊന്ന് നാട്ടുകാര്‍

പാലക്കാട് വടക്കാഞ്ചേരിയിൽ കിടപ്പു രോഗിക്കുനേരെ തെരുവുനായ ആക്രമണം. വടക്കഞ്ചേരി പുളിമ്പറമ്പ് വിശാലം (55) നാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് 12 മണിയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വിശാലം വീടിൻറെ മുൻപിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്തുനിന്നും വന്ന നായ കയ്യിൽ കയറി കടിക്കുകയായിരുന്നു. ആക്രമണത്തിൽ കൈക്കാണ് പരിക്കേറ്റത്. ആക്രമണത്തിനിടെ വിശാലത്തിന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. കയ്യിലെ ഇറച്ചി പുറത്തുവന്ന നിലയിലായിരുന്നു. വിശാലത്തിൻറെ കരച്ചിൽ കേട്ട് നാട്ടുകാരെത്തിയാണ് നായയെ ഓടിച്ചത്. പരിക്കേറ്റ വിശാലത്തെ ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാട്ടുകാർ ഈ നായയെ തല്ലിക്കൊന്നു. മറ്റു പലരെയും നായ കടിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലേക്ക് കൊണ്ടുപോയി പരിശോധിക്കും. പരിശോധന ഫലം വന്നെങ്കിൽ മാത്രമേ നായക്ക് പേവിഷബാധ ഉണ്ടോയെന്ന് പറയാനാവുവെന്നാണ് അധികൃതർ പറയുന്നത്.
