തെരുവുനായ ആക്രമണം; 15 ഓളം പേർക്ക് കടിയേറ്റു, നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു

മൂവാറ്റുപുഴയിൽ തെരുവുനായയുടെ അക്രമണത്തിൽ 15 പേർക്ക് ഗുരുതര പരിക്ക്. വാളകം പഞ്ചായത്തിലെ മേക്കടമ്പ് മേഖലയിലാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. സംഭവത്തെ തുടർന്ന് നായയെ നാട്ടുകാർ തല്ലിക്കൊന്നു. നായക്ക് പേ പിടിച്ചതായി സംശയമുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. ആളുകളുടെ കാലിനും കൈക്കുമാണ് കടിയേറ്റത്.
കുന്നക്കാൽ, സി.ടി.സി കവല, കടാതി എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് 15 ഓളം നാട്ടുകാർക്ക് കടിയേറ്റത്. നായ കണ്ണിൽ കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു. ഉച്ചയോടെ കുന്നക്കാലിലാണ് ആദ്യ ആക്രമണം. പിന്നീട് സി.ടി.സി കവല, കടാതി എന്നിവിടങ്ങളിൽ അക്രമണം തുടർന്നു.
വൈകുന്നേരത്തോടെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. തുടർന്ന്, പേ വിഷബാധ സ്ഥിരീകരിക്കുന്നതിനായി നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി മണ്ണുത്തി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. നായക്ക് പേ വിഷബാധ ഉണ്ടായിരുന്നോ എന്ന് പരിശോധനയിലൂടെ സ്ഥിരീകരിക്കും. ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.



