പിഷാരടിയെ തടഞ്ഞത് ബിജെപിയുടെ ആപൽസൂചന….. പാലക്കാട്ടെ സംഭവത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സ്ഥാനാർത്ഥിയും രംഗത്ത്. ബിജെപിയുടെ ഇത്തരം പ്രവർത്തനങ്ങൾ ജനാധിപത്യത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖും വ്യക്തമാക്കി.

രമേഷ് പിഷാരടിയെ തടഞ്ഞത് ബിജെപിയുടെ ശൈലിയാണെന്നും ഇത് ആപൽസൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സ്ഥാനാർത്ഥിക്കും എവിടെയും വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്നും ബിജെപി ജനാധിപത്യ മര്യാദകൾ പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാലക്കാട് നഗരത്തിൽ ഇത്തരമൊരു സംഭവം ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് എൻ.എം.ആർ. റസാഖ് പറഞ്ഞു. വിദ്വേഷവും വെറുപ്പും പടർത്തിയാൽ നാടിന്റെ സമാധാനം തകരും. ഒരാൾ വോട്ട് ചോദിക്കാൻ വരുന്നത് കൊണ്ട് ആരുടെയും ആദർശം മാറിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കാട് വടക്കന്തറയിൽ വെച്ചാണ് രമേഷ് പിഷാരടിയെയും സംഘത്തെയും ബിജെപി പ്രവർത്തകർ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥിയെ തടഞ്ഞതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിക്കുന്നു. സംഭവത്തെത്തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ വലിയ വാക്കേറ്റമുണ്ടായി.

Related Articles

Back to top button