നാളെ സംസ്ഥാന വ്യാപക ‘സോളാർ ബന്ദ്’…

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍. നയത്തിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സോളാര്‍ ബന്ദ് ആചരിക്കും. സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണം, വിപണനം, ഇന്‍സ്റ്റാളേഷന്‍, സര്‍വ്വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബന്ദിന്റെ ഭാഗമായി അടച്ചിടും. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള ഫിസിക്കല്‍ ഹിയറിങ്ങിനുള്ള അവസരംപോലും നിഷേധിച്ചുകൊണ്ടാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ കരട് സൗരോരോര്‍ജ്ജ നയം പുറത്തിറക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സൗരോര്‍ജ്ജ നയം നടപ്പിലാക്കുന്നതിനു മുന്‍പ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഓരോ നിയോജക മണ്ഡലത്തിലും ഫിസിക്കല്‍ ഹിയറിങ്ങുകള്‍ സംഘടിപ്പിക്കുക, സോളാറിന്റെ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് കാലാവധി കൂട്ടുന്ന നിര്‍ദ്ദേശങ്ങള്‍ നയത്തില്‍ നിന്നും ഒഴിവാക്കുക, പ്രധാന മന്ത്രി സൂര്യ ഘര്‍ പോലുള്ള പദ്ധതികള്‍ക്ക് ഏകീകൃത ദേശീയതല സൗരോര്‍ജ്ജ നയത്തിന്റെ പിന്തുണ ഉറപ്പാക്കുക, 1000 കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് നിലവിലുള്ള നെറ്റ് മീറ്ററിങ് നയം മാറ്റങ്ങളില്ലാതെ തുടരാന്‍ അനുമതി നല്‍കുക, കേരളത്തിന്റെ കാലാവസ്ഥാപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ബാങ്കിങ്, സെറ്റില്‍മെന്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

മൂന്നു കിലോവാട്ടിന് താഴെയായി നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുക, അഞ്ചുകിലോ വാട്ടിനു മുകളില്‍ 30% ബാറ്ററി സ്റ്റോറേജ് നിര്‍ബന്ധമാക്കുക, ഓരോ യൂണിറ്റിനും ഒരു രൂപ അധികമായി ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ്ജ് ഈടാക്കുക, ഊര്‍ജ്ജം ബാങ്ക് ചെയ്ത് മാസം തോറും ഉത്പാദിപ്പിക്കുന്ന വൈദ്യുതി അടുത്ത മാസത്തേക്ക് ക്യാരി ഫോര്‍വേഡ് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങി അപ്രായോഗികമായ നിരവധി നിര്‍ദ്ദേശങ്ങള്‍ കരടിലുണ്ട്. ട്രാന്‍ഫോര്‍മര്‍ കപ്പാസിറ്റി അടക്കമുള്ള വിഷയങ്ങളില്‍ അമിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുമുണ്ട്. നയത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ വൈദ്യുതി വിലകുത്തനെ ഉയരുകയും ജനജീവിതത്തെയും വ്യവസായിക മേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button