മൂന്ന് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ബാലവിവാഹം നടന്ന സംസ്ഥാനമായി കേരളം.. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്..
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ ബാലവിവാഹങ്ങൾ നടന്ന സംസ്ഥാനമായി കേരളം. വനിതാ ശിശു വികസന വകുപ്പിന്റെ (ഡബ്ല്യുസിഡി) കണക്ക് പ്രകാരം 2025 ജനുവരി 15 വരെ 18 ബാലവിവാഹങ്ങൾ നടന്നിട്ടുണ്ട്. 2023-24 ൽ 14 ഉം 2022-23 ൽ 12 ഉം ആയിരുന്നു ഇത്. ഈ വർഷം 18 കേസുകളിൽ 10 എണ്ണം തൃശൂരാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറത്ത് മൂന്ന് കേസുകളും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാലവിവാഹങ്ങൾ തടഞ്ഞതിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. 2022-23-ൽ, ഉദ്യോഗസ്ഥർ 108 ആസൂത്രിത ശൈശവ വിവാഹങ്ങൾ തടഞ്ഞു. 2023-24 ൽ ഇത് 52 ആയി കുറയുകയാണ് ചെയ്തത്. ഈ വർഷം 48 ബാലവിവാഹങ്ങൾ മാത്രമാണ് തടയാൻ കഴിഞ്ഞത്. ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2500 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തിന്റെ ‘പൊൻവാക്ക്’ പദ്ധതി പ്രകാരം 2022- 2023ൽ എട്ട് കേസുകളും 2023-24ൽ ഏഴ് കേസുകളും ഈ വർഷം ഇതുവരെ 10 കേസുകളും തടഞ്ഞു.
ഇത്തരം കേസുകൾ നിരീക്ഷിക്കുകയും കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് കേസുകളുടെ വർധനവ് കാണിക്കുന്നതെന്ന്
വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. കേസുകൾ വർധിച്ച സ്ഥലങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിനായി പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രതിരോധ ശ്രമങ്ങളും നടക്കുന്നുണ്ട്. ശൈശവ വിവാഹത്തിലുള്ള ഈ വർധനവിന്റെ മൂല കാരണങ്ങൾ മനസിലാക്കാൻ കേരള സർവകലാശാലയിലെ ജനസംഖ്യാ ശാസ്ത്ര വകുപ്പുമായി ഏകോപിപ്പിച്ച് വിശദമായ പഠനം നടക്കുന്നുവെന്നും ഡബ്ല്യുസിഡി ഉദ്യോഗസ്ഥർ പറയുന്നു.