വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിർമ്മിച്ച പന്തൽ തകർന്നുവീണു
മൂവാറ്റുപുഴയിൽ വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിർമ്മിച്ച പന്തൽ തകർന്നുവീണു. പന്തലിനകത്ത് കുടുങ്ങിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. ബെന്നി ബെഹ്നാൻ എംപി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം അൽപസമയത്തിനകം തുടങ്ങാനിരിക്കെയാണ് പന്തൽ പൊളിഞ്ഞുവീണത്.
പന്തലിനുള്ളിൽ കുടുങ്ങിയവർക്ക് നിസാരപരിക്കേറ്റിട്ടുണ്ട്. മറ്റ് ആളപായങ്ങളില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വലിയ അപകടം ഒഴിവായത് ആശ്വാസമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്ഥിരമായി പന്തൽ ഇടുന്നവർ തന്നെയാണ് ഇവിടെയും പന്തൽ ഇട്ടത്. പരിപാടി കൃത്യസമയത്ത് നടക്കുമെന്നും ഷിയാസ് വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാൻ എംപിയാണ് നയിക്കുന്നത്.