‘നാല് വയസ് പ്രായം, ജഡം പാതി ഭക്ഷിച്ച നിലയിൽ’.. പോത്തുകല്ലിൽ റബർ തോട്ടത്തിൽ നിന്ന് കണ്ടെടുത്തത്…
നിലമ്പൂർ പോത്തുകല്ലില്‍ വനത്തിന് സമീപത്തെ റബര്‍ തോട്ടത്തില്‍ പുലി മാനിനെ പിടികൂടി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ റേഞ്ചിന് കീഴിലെ വെള്ളിമുറ്റം കൊടീരി വനത്തിന് സമീപം നൂറ്റിപ്പത്ത് ഏക്കറയിലാണ് പുലി മാനിനെ പിടികൂടി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളികളാണ് സംഭവം കണ്ടത്. തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ മാനിനെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. നാല് വയസ്സ് പ്രായം വരുന്ന പെണ്‍മാനാണ് കൊല്ലപ്പെട്ടത്. ജഡം പാതി ഭക്ഷിച്ച നിലയിലാണ്. നിലമ്പൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എസ്. ശ്യാമിന്റെ നേതൃത്വത്തില്‍ മാനിന്റെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം വനത്തില്‍ മറവ് ചെയ്തു. മൂന്ന് ദിവസം മുമ്പ് എരുമമുണ്ട ഇരുനൂറില്‍ മുട്ടണോലിക്കല്‍ ഫിലിപ്പോസിന്റെ കോഴി ഫാമിന് സമീപം ചങ്ങലയില്‍ ബന്ധിച്ചിരുന്ന നായയെ പുലി കൊന്ന് ഭക്ഷിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ജനവാസ കേന്ദ്രത്തിന് സമീപം പുലി മാനിനെ പിടികൂടി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനൂറില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം എരുമമുണ്ട. വെള്ളിമുറ്റം, കെടീരി, എഴുമാംപാടം, കുറുമ്പലങ്ങോട് നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.