ഹിമാലയൻ ഗുരു അഷ്റഫ് ബാബയുടെ അനുഗ്രഹത്തിന് പണം.. സംസ്ഥാനത്ത് ആത്മീയ തട്ടിപ്പ്.. ഡോക്ടർമാർ ഉൾപ്പെടെ പ്രതി…..
പകുതി വില തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് ആത്മീയ തട്ടിപ്പും.ഓൺലൈൻ ആത്മീയ ക്ലാസുകളിൽ പങ്കെടുത്താൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് പുതിയ തട്ടിപ്പ്. കേരളത്തിന് അകത്തും പുറത്തുമായി നിരവധിയാളുകൾ തട്ടിപ്പിന് ഇരയായതായി പരാതി. കണ്ണൂർ മമ്പറം സ്വദേശിയായ പ്രശാന്ത് മാറോളി എന്നയാളുടെ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇയാളുടെ പരാതിയിൽ ഡോക്ടർമാർ ഉൾപ്പെടെ ആറുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തു. ഡോ. അഷ്റഫ്, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട്, കെ എസ് പണിക്കർ, അനിരുദ്ധൻ, വിനോദ് കുമാർ, സനൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പ്രപഞ്ചോർജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളിൽകൂടി കൈവരിക്കുമെന്ന് യൂട്യൂബിൽ പരസ്യം നൽകിയാണ് തട്ടിപ്പ്. സാമ്പത്തിക-വിദ്യാഭ്യാസ കാര്യങ്ങളിൽ നേട്ടം, ജോലി ഉയർച്ച, സന്താന ഭാഗ്യം എന്നിവ ലഭിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചു. സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഒന്നാം പ്രതിയായ അഷ്റഫ് എന്നയാളാണ് ക്ലാസ് നടത്തിയത്.
ഹിമാലയൻ ഗുരു അഷ്റഫ് ബാബ എന്ന പേരിലായിരുന്നു അഷ്റഫ് ക്ലാസുകൾ നടത്തിയിരുന്നത്. ക്ലാസിൽ പങ്കെടുക്കുന്നവരിൽ നിന്ന് 14,000 രൂപ വാങ്ങുകയും ചെയ്യും. ഗുരുവിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ആയിരമോ, പതിനായിരമോ ലക്ഷങ്ങളോ നൽകാം. ഇതിനായി ആയിരം പേരടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ട്. നേട്ടം ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ വീഡിയോയും മറ്റ് വിവരങ്ങളും ഈ ഗ്രൂപ്പിലൂടെ വിശ്വാസം നേടാനായി പങ്കുവെക്കാറുണ്ടായിരുന്നു.ആത്മീയ ക്ലാസുകൾക്കൊപ്പം ടൂർ പ്രോഗ്രാമും ഇവർ സംഘടിപ്പിക്കാറുണ്ടായിരുന്നു. പണം നൽകിയിട്ടും ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോഴാണ് പലരും പരാതിയുമായി എത്തിയത്. കണ്ണൂരിൽ മാത്രമായി 13 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്.