എടിഎം മുറിയിൽ ഒരു മണിക്കൂർ നിന്നെങ്കിലും ഒന്നും നടന്നില്ല; വേറൊരു സ്ഥലത്തെ സിസിടിവി ദൃശ്യത്തിൽ നിന്ന്…

എടിഎം തകർത്ത് കവർച്ചാ ശ്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയത് മറ്റൊരു കേസിലെ സിസിടിവി ദൃശ്യങ്ങൾ ഒത്തുനോക്കി. മഞ്ചേരി മഞ്ഞപ്പറ്റ തോട്ടുപൊയിൽ ചെറാകുത്ത് സബ്‌സ്റ്റേഷനു സമീപം താമസിക്കുന്ന ഫായിസിനെയാണ് (27) മഞ്ചേരി എസ്‌ഐ ജസ്റ്റിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മഞ്ചേരി-കോഴിക്കോട് റോഡിലെ ഇന്ത്യൻ മാളിന് എതിർവശത്തെ സ്റ്റേറ്റ് ബാങ്കിന്റെ എടിഎം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. 

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണ ശ്രമം. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച് കൗണ്ടറിനകത്തു കടന്ന മോഷ്ടാവ് ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും എടിഎം ലോക്കർ തകർത്ത് പണം കൊള്ളയടിക്കാൻ സാധിച്ചിരുന്നില്ല. പണമുണ്ടായിരുന്നെങ്കിലും മെഷീൻ തകരാറിലായതിനാൽ ഈ എടിഎം കൗണ്ടർ വഴി ഇടപാടുകൾ നടന്നിരുന്നില്ല. മെഷീൻ നന്നാക്കാൻ ടെക്‌നീഷ്യൻ എത്തിയപ്പോഴാണ് കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയനിലയിൽ കണ്ടത്. പരിശോധിച്ചപ്പോൾ മെഷീൻ തകർത്തതായി ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. 
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഗുരുവായൂരിൽ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷണം പോയ തുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും എടിഎം കൗണ്ടറിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളും ഒത്തുനോക്കിയാണ് ഫായിസിലേക്ക് പോലീസ് എത്തിയത്. 

മയക്കുമരുന്നിന് അടിമയായതിനാൽ വീട്ടുകാരുമായി നിരന്തരം കലഹത്തിലേർപ്പെട്ടിരുന്ന ഇയാളെ പേടിച്ച്, മാതാവ് വിദേശത്തുള്ള സഹോദരന്റെ കൂടെയാണു കഴിയുന്നതെന്ന് പൊലീസ് പറയുന്നു. ഗുരുവായൂരിൽനിന്നു മോഷ്ടിച്ച ബുള്ളറ്റ് ബൈക്ക് പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തി. എടിഎം മെഷീനിൽ നിന്ന് അടർത്തിമാറ്റിയ ഇലക്ട്രോണിക് ലോക്ക് പാഡും കണ്ടെടുത്തു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button