സഭയില്‍ വരുന്നതിന് തടസങ്ങളില്ല.. പ്രതിഷേധം ഉണ്ടാകുമോ എന്നറിയില്ല.. രാഹുലിനെതിരായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല…

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഒരു റിപ്പോര്‍ട്ടും നാല് മണി വരെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. സഭയില്‍ വരാന്‍ നിലവില്‍ രാഹുലിന് തടസ്സങ്ങള്‍ ഇല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അംഗങ്ങള്‍ക്ക് സഭയില്‍ വരാന്‍ ഒരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന വിവരം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറെ അറിയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിയമസഭ സമ്മേളനം അടുത്തയാഴ്ച ചേരാനിരിക്കെയാണ് ക്രൈംബ്രാഞ്ച് നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെയും എഫ്ഐആറിന്റെയും വിവരങ്ങള്‍ സ്പീക്കര്‍ കൈമാറുമെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

സാമൂഹികമാധ്യമം വഴി സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യംചെയ്തതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Articles

Back to top button