ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കൻ മേഖല ജാഥയ്ക്ക് തുടക്കം….

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖല ജാഥയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്തു. തൃശൂരിലെ ചേലക്കര മുതല്‍ തിരുവനന്തപുരം വരെ ഇന്ന് മുതല്‍ ഫെബ്രുവരി 13വരെയാണ് തെക്കന്‍ മേഖല ജാഥ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ ചില്ലറ ആശ്വാസമെങ്കിലും പ്രതീക്ഷിച്ചിരുന്നു. എയിംസ് കോഴിക്കോട് സ്ഥാപിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ കിട്ടുമെന്ന മട്ടിലായിരുന്നു കേന്ദ്രമന്ത്രിയുടെ സംസാരം. എന്നാല്‍ എല്ലാ വര്‍ഷവും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കേരളം സമര്‍പ്പിച്ച റെയില്‍വേ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്വാഭാവികമായും അംഗീകാരം നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രം തീരുമാനിക്കട്ടെ എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ശ്രീധരന്‍ രംഗത്ത് വരുന്നത്. ശ്രീധരന്‍ തന്നെ വന്ന് കണ്ടിരുന്നു. താന്‍ ഒരു പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കേരളം പറഞ്ഞാല്‍ അത് അംഗീകരിച്ചു കിട്ടുമെന്നും ശ്രീധരന്‍ തന്നോട് പറഞ്ഞു. ശ്രീധരന്‍ ഇപ്പോള്‍ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. പണ്ടും പല ഓഫീസുകളും ശ്രീധരന്‍ തുറന്നിട്ടുണ്ട്. മത്സരിക്കുമ്പോള്‍ എംഎല്‍എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതിവേഗ റെയില്‍പാത സംബന്ധിച്ച് ആര് പറഞ്ഞാലും പ്രശ്‌നമില്ല. അതിവേഗത്തില്‍ യാത്ര ചെയ്യാനുള്ള സംവിധാനം വേണമെന്ന് മാത്രമേയുള്ളൂ. ഇപ്പോള്‍ ചിലര്‍ ഒരു അതിവേഗ റെയിലും കൊണ്ട് നടക്കുന്നുണ്ടല്ലോ. അതുകൊണ്ട് പറഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button