ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരത്തെ ടീമിലെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്…

ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കൻ യുവതാരം ഡിവാള്‍ഡ് ബ്രെവിസിനെ ടീമിലെടുത്തു. പരിക്കേറ്റ പേസര്‍ ഗുര്‍ജപ്നീത് സിംഗിന് പകരക്കാരനായാണ് ബ്രെവിസിനെ ചെന്നൈ ടീമിലെത്തിച്ചത്. ടീമില്‍ ഒരു വിദേശ താരത്തിന്‍റെ ഒഴിവുള്ളതിനാലാണ് പരിക്കേറ്റ ഗുര്‍ജപ്നീത് സിംഗിന് പകരം ബ്രെവിസിനെ ടീമിലെത്തിക്കാന്‍ ചെന്നൈക്കായത്.
ഐപിഎല്ലില്‍ മുമ്പ് മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള ബ്രെവിസിനെ ഇത്തവണത്തെ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല, കളിശൈലിയിലും ബാറ്റിംഗിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്ന ബ്രെവിസ് ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ കുപ്പായത്തില്‍ 10 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 21കാരനായ ബ്രെവിസ് ഇത്തവണ ദക്ഷിണാഫ്രിക്കന്‍ ടി20യിലെ റണ്‍വേട്ടയില്‍ ആദ്യ പത്തിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടി20യില്‍ 184.17 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ബ്രെവിസ് ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിനും ഉടമയായി.



