‘ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല’.. ‘നീചനാണ് അവൻ, അവന്‍റെ മരണം കാത്താണ് ഞാൻ ഇരിക്കുന്നത്’…
ജയിൽ ചാടിയ ഗോവിന്ദചാമിയെ പിടച്ചു എന്നറിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നിയെന്ന് സൗമ്യയുടെ അമ്മ. ഒരു അമ്മമാര്‍ക്കും ഇനി ഇങ്ങനെയൊരു ദുഖം ഉണ്ടാകരുത്. ഇനിയൊരു അമ്മയും ഇങ്ങനെ കരയേണ്ട ഒരു അവസ്ഥ വരരുത്. പുറത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇവനെ പേടിയാണ്. ഇത്രയും വലിയ ജയിലിൽ നിന്ന് അവൻ എങ്ങനെയാണ് പുറത്ത് ചാടിയതെന്നും സൗമ്യയുടെ അമ്മ ചോദിച്ചു. ജയിലിനുള്ളില്‍ അവനെ നോക്കാനൊക്കെ ആളുണ്ട്. എന്നിട്ടും ജയിൽ ചാടിയെങ്കില്‍ ഒരു സഹായി ഉണ്ടെന്നല്ലേ അര്‍ത്ഥം. ഒരു സഹായി ഇല്ലാതെ ചാടാൻ പറ്റില്ല. അത്രയും വലിയ മതിൽ ചാടണമെങ്കില്‍ സഹായി വേണം. ജയിലില്‍ ഒരുപാട് വീഴ്ചകൾ സംഭവിച്ചു.
ഇന്ന് നടന്ന സംഭവം ജയില്‍ സുരക്ഷയെക്കുറിച്ച് തന്നെ സംശയിച്ച് പോകുന്ന വിധത്തിലാണെന്ന് സുമതി പറഞ്ഞു. ഗോവിന്ദച്ചാമിയെ ഇനിയെങ്കിലും തൂക്കിക്കൊല്ലണം. അല്ലെങ്കില്‍ ഏത് അറയില്‍ കൊണ്ടിട്ടാലും അവന്‍ ചാടും. അയാളുടെ മരണം ആഗ്രഹിച്ചാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി താന്‍ ജീവിക്കുന്നതെന്നും സുമതി കൂട്ടിച്ചേര്‍ത്തു.
15 വര്‍ഷമായി താന്‍ മകളെ നഷ്ടപ്പെട്ട ദുഃഖം അനുഭവിക്കുന്നു. അവന്റെ മരണവാര്‍ത്തയ്ക്ക് കാതോര്‍ത്താണ് ജീവിക്കുന്നത്. മകള്‍ക്കുവേണ്ടി താന്‍ കരഞ്ഞതുപോലെ ഇനിയൊരമ്മയ്ക്കും കരയേണ്ടി വരരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും സുമതി കൂട്ടിച്ചേര്‍ത്തു.