ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി രണ്ട് മക്കൾ ചേർന്ന് അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് 3 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി കൊലപാതകം നടന്നത്. രണ്ട് യുവാക്കളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊത്താതുർപേട്ട സ്വദേശിയായ ഇ.പി. ഗണേശൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗണേശന്റെ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27) എന്നിവരെയും ഇവർക്ക് പാമ്പിനെ എത്തിച്ചുനൽകിയ നാല് സഹായികളെയും പോലീസ് പിടികൂടി. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായ ഗണേശനെ കഴിഞ്ഞ ഒക്ടോബർ 22-നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ പാമ്പ് കടിയേറ്റതാണെന്നാണ് മക്കൾ ആദ്യം പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ഇത് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു
ഗണേശന്റെ പേരിൽ 3 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നു. കുടുംബത്തിന്റെ വരുമാനത്തേക്കാൾ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന പോളിസികളായിരുന്നു ഇവ. ഇത് ഇൻഷുറൻസ് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടു. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.




