‘ദൈവത്തിന്റെ സ്വന്തം കുട്ടി’.. മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് കയറിവന്ന വിശ്വാസിനെ വിശേഷിപ്പിച്ച് നെറ്റിസണ്‍സ്…
242 പേരുണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ടപ്പോൾ മരിച്ചത് 265 നും മുകളില്‍.ജനവാസ മേഖലയിലേക്ക് വീണതാണ് വിമാനാപകടത്തിലെ മരണസംഖ്യ ഉയര്‍ത്തിയത്. ആ വിമാനത്തില്‍ നിന്നും ജീവനോടെ രക്ഷപെട്ടത് ഒരേ ഒരാൾ. 40 -കാരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പൗരന് മരണ മുഖത്ത് നിന്നും എമർജന്‍സി എക്സിറ്റ് വഴി ചാടിയത് ജീവിതത്തിലേക്ക്. സമൂഹ മാധ്യമങ്ങൾ അദ്ദേഹം, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ഒപ്പം ‘ദൈവത്തിന്റെ സ്വന്തം കുട്ടി’ എന്ന വിശേഷണവും.
20 വര്‍ഷമായി ബ്രിട്ടനില്‍ ജീവിക്കുന്ന വിശ്വാസ് സര്‍ദ്ദാർ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും സഹോദരനോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു. പതിനൊന്ന് എ സീറ്റിലായിരുന്നു വിശ്വാസ് ഇരുന്നിരുന്നത്. വിമാനത്താവളത്തിൽ നിന്നും കഷ്ടി ഒരു കിലോമീറ്റര്‍ അകലെയുള്ള ബിജെ ഹോസ്റ്റലിന് മുകളിലേക്ക് ഇടിച്ച് വിമാനം ഇറങ്ങിയപ്പോൾ വിശ്വാസ്, തന്റെ സീറ്റിന് സമീപത്തെ എമജന്‍സി എക്സിറ്റ് ഡോര്‍ തുറന്നതായി കണ്ടു. പിന്നെ ഏതോ ഉൾവിളികളില് എക്സിറ്റ് വഴി വിമാനത്തില്‍ നിന്നും താഴേക്ക്. കരിമ്പുകയ്ക്കും തീ നാളങ്ങൾക്കും ഇടയിലൂടെ ഓടിയെത്തിയ ഏതോ കൈകൾ വിശ്വാസിനെ ആംബുലന്‍സിലേക്ക് കയറ്റിയെന്നാണ് വിശ്വാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.
അപകടത്തിന് തൊട്ടുപിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങളിൽ വിശ്വാസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് മുടന്തിക്കൊണ്ട് ആംബുലന്‍സിലേക്ക് നീങ്ങുന്ന വിശ്വാസിന്റെ ദൃശ്യങ്ങൾ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. അവിടെ നിന്നും നേരെ ആശുപത്രിയിലേക്ക് മുഖത്തും നെഞ്ചിലും കാലുകളിലും സാരമായ പരിക്കാണ് വിശ്വാസിനുള്ളത്.



