ചരിത്രം മാറ്റിയെഴുതി 11 പെൺകുട്ടികൾ.. ചേർത്തല എസ്എൻഎംബി സ്കൂൾ ഇനി ആണ്‍പള്ളിക്കുടമല്ല…
ചേർത്തല: ചരിത്രം മാറിമറിഞ്ഞു. ചേർത്തലയുടെ ഗതകാല പ്രൗഡിയുടെ ഭാഗമായ ശ്രീനാരായണ മെമ്മോറിയൽ ബോയ്‌സ് സ്‌കൂള്‍ ഇനി മുതല്‍ പെൺകുട്ടികൾക്കും സ്വന്തം. 11 പെൺകുട്ടികളാണ് പുതിയ അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയത്. അഞ്ചാം ക്ലാസിൽ ഏഴും, ഏഴ്, എട്ട് ക്ലാസുകളിൽ രണ്ടു വീതവും കുട്ടികളാണ് ആദ്യദിനത്തിൽ ആൺപള്ളിക്കൂടത്തിലെ ക്ലാസ്‌മുറികളിൽ ആദ്യപെൺകുട്ടികളായി എത്തിയത്.
സംസ്ഥാന കൃഷിമന്ത്രി പി പ്രസാദിന്റെ ഇടപെടലുകളെ തുടർന്നാണ് സംസ്ഥാന സർക്കാർ സ്‌കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് ഉത്തരവിറക്കിയത്. ആദ്യമായി സ്കൂളിലെത്തിയ വിദ്യാർഥിനികൾക്ക് പിടിഎയും അധ്യാപകരും ചേർന്ന് വലിയ വരവേൽപ്പാണ് ഒരുക്കിയത്. പ്രവേശനോത്സവം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്‌സൺ ഏലിക്കുട്ടി ജോൺ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ഉന്നത വിജയികളെയും പഠനത്തിൽ മികവു പുലർത്തിയവരെയും വൈസ് ചെയർമാൻ ടി.എസ് അജയകുമാർ ആദരിച്ചു. മരുത്തോർവട്ടം കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജി രാജു അധ്യക്ഷനായി. സ്‌കൂൾ പ്രഥമാധ്യാപിക ടി.എസ് ജിഷ, പ്രിൻസിപ്പൽ ലജുമോൾ, അനൂപ് വേണു, നിഷാ അലക്‌സ്, റോസ്‌മേരി തുടങ്ങിയവർ സംസാരിച്ചു.