ട്രെയിനിൽ കായംകുളത്ത് എത്തിച്ചു.. തുടർന്ന് കാറിൽ കുതിക്കവേ സാഹസികമായി തടഞ്ഞ്…
കൊല്ലത്ത് വന്‍ ലഹരിവേട്ട. കാറിൽ കടത്തുകയായിരുന്ന 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേര്‍ എക്സൈസിന്‍റെ പിടിയിലായി. ബംഗളൂരുവില്‍ നിന്നാണ് വില്‍പനയ്ക്കായി പ്രതികള്‍ എംഡിഎംഎ എത്തിച്ചത്
വലിയ അളവില്‍ എംഡിഎംഎ കൊല്ലം ജില്ലയിലേക്ക് എത്തുന്നുണ്ടെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബൈംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തുന്ന കാര്യം എക്സൈസ് മനസിലാക്കി. ട്രെയിന്‍ മാര്‍ഗം കായംകുളത്ത് എത്തിച്ച 61.5 ഗ്രാം എംഡിഎയുമായി അഞ്ചംഗ സംഘം കാറില്‍ വരുമ്പോഴായിരുന്നു അറസ്റ്റ്. എക്സൈസ് സംഘം പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. പക്ഷേ വവ്വാക്കാവില്‍ വെച്ച് പ്രതികള്‍ കുടുങ്ങി. കാര്‍ തടഞ്ഞുനിര്‍ത്തി സാഹസികമായി യുവാക്കളെ പിടികൂടുകയായിരുന്നു.
ഇടപ്പള്ളിക്കോട്ട സ്വദേശികളായ ബിവിൻ, മുഹമ്മദ് ഷാ, ആദർശ്, തെക്കുംഭാഗം സ്വദേശി ഹേമന്ദ്, വെറ്റമുക്ക് സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ നേരത്തെയും ലഹരി കേസില്‍ ഉള്‍പ്പെട്ടയാളാണ്. വിദ്യാര്‍ത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതിനാണ് എംഡിഎംഎ എത്തിച്ചത്. പ്രതികള്‍ക്ക് ലഹരി മരുന്ന് കൈമാറിയ ബെംഗളൂരുവിലുള്ള സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം തുടരും