ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി സ്മൃതി മന്ദാന…

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഇന്ത്യയുടെ സ്മൃതി മന്ദാന. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനങ്ങളിലൂടെ ഏകദിന റാങ്കിംഗില്‍ 809 റേറ്റിംഗ് പോയന്‍റുമായാണ് സ്മൃതി മന്ദാന ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്കൈവര്‍ ബ്രന്‍റ് 726 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലിയും ബെത് മൂണിയും 718 റേറ്റിംഗ് പോയന്‍റുമായി മൂന്നും നാലും സ്ഥാനങ്ങളിലുള്ളപ്പോള്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യൻ താരങ്ങളാരുമില്ല.
ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ താരം ദീപ്തി ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപതാം സ്ഥാനത്തെത്തിയപ്പോള്‍ ഇംഗ്ലണ്ട് താരം ഹെതര്‍ നൈറ്റ് 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനെട്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ജെമീമ റോഡ്രിഗസ് രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 27ാം സ്ഥാനത്തേക്ക് വീണു.
ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ സ്മൃതി പിന്നീട് തുടര്‍ച്ചയായ അര്‍ധസെഞ്ചുറികളുമായി ഫോമിലേക്ക് ഉയര്‍ന്നിരുന്നു. അഞ്ച് കളികളില്‍ 222 റണ്‍സെടുത്ത സ്മൃതി ലോകകപ്പിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. 294 റണ്‍സെടുത്ത ഓസ്ട്രേലിയയുടെ അലീസ ഹീലിയാണ് ഒന്നാമത്.


