യുദ്ധഭീതിയിൽ ആകാശം…നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി…

പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സൈനിക സംഘർഷം രൂക്ഷമായതോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പൂർണ്ണമായും താറുമാറായി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്ന വിലയിരുത്തലിനെത്തുടർന്ന് വിവിധ വിമാനക്കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചിറക്കിയത് ആശങ്ക വർധിപ്പിച്ചു.
ഇൻഡിഗോ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ ഗൾഫ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. ഉച്ചയ്ക്ക് ഷാർജയിലേക്കുള്ള വിമാനവും വൈകിട്ട് ജിദ്ദയിലേക്കുള്ള ആകാശ എയർ സർവീസും റദ്ദാക്കി. കൂടാതെ ദുബായ് (6.20 PM), റാസൽഖൈമ (9.50 PM), അബുദാബി (10.50 PM) എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും ഒഴിവാക്കി. ഇതോടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് എപ്പോൾ യാത്ര പുനരാരംഭിക്കാനാകുമെന്നറിയാതെ കുടുങ്ങിക്കിടക്കുന്നത്.



