‘വസ്ത്രം മാറി ഉടനെ വരാം’; കൈക്കുഞ്ഞിനെ ട്രെയിനിലെ സീറ്റിൽ സഹയാത്രികരെ ഏൽപ്പിച്ചു പോയ അമ്മ..

ആറ് മാസം പ്രായമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മംഗളുരു- പാലക്കാട് സ്‌പെഷ്യൽ ട്രെയിൻ രാവിലെ 10.10നു കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് പിഞ്ചു കുഞ്ഞിനെ ട്രെയിനിലെ സീറ്റിൽ കിടത്തിയിട്ട് അമ്മ ഇറങ്ങിപ്പോയത്.കുഞ്ഞിനെ സീറ്റിൽ കിടത്തിയ ശേഷം സഹയാത്രികരോട് വസ്ത്രം മാറി വരാമെന്നറിച്ചെങ്കിലും ട്രെയിൻ പുറപ്പെട്ടപ്പോഴും യുവതി തിരികെയെത്തിയല്ല. ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരൻ കുഞ്ഞിനെയെടുത്ത് സ്റ്റേഷൻ സുപ്രണ്ടിനെ ഓഫീസിലെത്തി വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ അധികൃതർ പൊലിസിലും ചൈൽഡ് ലൈനിലും അറിയിച്ചു.
കോഴിക്കോട് സ്റ്റേഷനിൽ നടത്തിയ തിരച്ചിലിൽ യുവതിയെ പ്ലാറ്റ്‌ഫോമിൽ നിന്ന് പിന്നീട് കണ്ടെത്തി ആർപിഎഫ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഫറോക്കിലെത്തി കുട്ടിയെ ഏറ്റെടുത്തു സുരക്ഷിതമാക്കി. ഒരുമാസത്തിലേറയായി റയിൽവേ സ്റ്റേഷൻ പരിസത്ത് അലഞ്ഞു തിരിയുന്ന മുക്കം സ്വദേശിയാണ് അമ്മ. ഭർത്താവുമായി പിരിഞ്ഞു കഴിയുന്നുവെന്നാണ് ഇവർ പറയുന്നത്.
ചൈൽഡ് ലൈൻ അറിയിച്ചതനുസരിച്ച് കുഞ്ഞിനെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഏറ്റെടുത്തു. അമ്മയുടെ വശം കുട്ടി സുരക്ഷിതമല്ലെന്നു പ്രാഥമികമായി ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും കുട്ടിയെ പിന്നീട് കോൺവെന്റ് റോഡിലെ സെന്റ് ജോസഫ് റെസ്‌ക്യു ഹോമിലേക്ക് മാറ്റിയതായും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു.



