റോഡിൽ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു, കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ആറ് പേർക്ക് പരിക്ക്
റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു. അപകടത്തെ തുടർന്ന് കാർ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറുപേർക്ക് പരിക്കേറ്റു. കാർ ഭാഗകമായി തകർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു അപകടം.
വിദ്യാർത്ഥിനികളായ നാല് പേരുൾപ്പെടെ ആറ് പേരാണ് അപകട സമയത്ത് കാറിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. എല്ലാവർക്കും തലയ്ക്കും കൈകളിലുമാണ് പരിക്കേറ്റത്. ആസിഫ് (21) ആണ് കാർ ഓടിച്ചിരുന്നത്. തമിഴ്‌നാട്ടിലെ തക്കലയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് ഇവരെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കാർ ഡിവൈഡറിലിടിക്കുന്നതും തലകീഴായി മറിയുന്നതും കണ്ട് ഇതുവഴി പോയ യാത്രക്കാർ വാഹനങ്ങൾ നിർത്തി. നാട്ടുകാരും ഓടിക്കൂടി. ഇവരാണ് അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് ആറ് പേരെയും പുറത്തെത്തിച്ചത്. വിഴിഞ്ഞം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പിന്നീട് 108 ആംബുലൻസ് വിളിച്ചുവരുത്തി ഇതിലാണ് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.