‘ഷാഫി പറമ്പിലിന്റെ സ്കൂളിലാണ് രാഹുൽ പഠിച്ചത്.. അവർ തന്നെ പറയുന്നതാണ് ഇക്കാര്യം..
രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധി സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകൾ യുവജന നേതാവിനെതിരെ ഉയർത്തിയത് ഗുരുതര ആരോപണമാണെന്നും മന്ത്രി വ്യക്തമാക്കി.
‘ഷാഫി പറമ്പിലിന്റെ സ്കൂളിലാണ് രാഹുൽ പഠിച്ചത്. അവർ തന്നെ പറയുന്നതാണ് ഇക്കാര്യം. അപ്പോൾ ഹെഡ്മാസ്റ്ററെ കുറിച്ച് സംശയിക്കേണ്ടതുണ്ടോ? ഷാഫി ഒന്നും മിണ്ടാതിരിക്കുമ്പോൾ അദ്ദേഹത്തെയും സംശയിക്കും. തന്റെ സ്കൂളിൽ പഠിച്ച കുട്ടിയെ സംരക്ഷിക്കാനാവാതെ ഷാഫി പറമ്പിൽ പോലും സ്ഥലംവിട്ടുപോയി എന്നാണ് പറയുന്നത്. ഇതിനപ്പുറം ഗതികേട് പിന്നെന്താണുള്ളത്? അസാധാരണവും അപൂർവങ്ങളിൽ അപൂർവവുമായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് രാഹുലിനെതിരെ ഉയരുന്നത്. എം.എൽ.എ സ്ഥാനം രാജിവെക്കണം. ട്രാൻസ്ജെൻഡറിന് പോലും ഈ കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് യൂത്ത് കോൺഗ്രസുകാരെ കൊണ്ട് ഉണ്ടായിരിക്കുന്നത്. അദ്ദേഹം മത്സരിച്ച മണ്ഡലത്തിൽ ഇറങ്ങാൻ പോലും കഴിയുന്നില്ല. വെള്ളച്ചാട്ടം പോലെ ഓരോദിവസവും ഓരോ ടൈപ്പ് ആരോപണങ്ങളാണ് രാഹുലിനെതിരെ വരുന്നത്’ -മന്ത്രി പറഞ്ഞു.
‘ജനപ്രതിനിധിയുടെ പേര് വെളിപ്പെടുത്താൻ പരാതിക്കാർ ഭയപ്പെടേണ്ടതില്ല. പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകി സർക്കാർ അവർക്കൊപ്പം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നവർക്ക് പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും, പൊലീസിൽ പരാതി നൽകാൻ അവർക്ക് കഴിയും. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഇരകളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും. ക്രിമിനൽ നടപടിച്ചട്ട പ്രകാരം, ഏതെങ്കിലും വ്യക്തി കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞാൽ അത് പൊലീസിനെ അറിയിക്കാൻ ബാധ്യതയുണ്ട്. അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണ്’ -മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, സജീവ ബി.ജെ.പി പ്രവർത്തകയായ ട്രാൻസ്ജെൻഡർ യുവതിയും ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. രാഹുൽ തനിക്ക് അശ്ലീല സന്ദേശമയച്ചതായും ബലാത്സംഗം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് ട്രാൻസ്ജെൻഡർ യുവതി ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ഇന്നലെ ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റിനോട് പറഞ്ഞതായും തുടർന്നാണ് തുറന്നുപറയുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്റെ കൈയിൽ യാതൊരു തെളിവുമില്ലെന്നും ആരോപണം തെറ്റാണെങ്കിൽ രാഹുലാണ് തെളിയിക്കേണ്ടതെന്നും പറഞ്ഞു.