കൊറിയൻ സുഹൃത്ത് വെറും കഥയോ? 16കാരിയുടെ മരണത്തിൽ എസ്‌ഐടി രൂപികരിച്ചു

ചോറ്റാനിക്കരയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യ(16)യെ വീടിനടുത്തുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. സൈബര്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചത്.
ചോറ്റാനിക്കര പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കുടുംബം ആരോപിപ്പിച്ചിരുന്നു. തന്റെ കൊറിയന്‍ സുഹൃത്ത് മരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പ്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തുറന്നുപരിശോധിച്ചെങ്കിലും കൊറിയന്‍ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.
ജനുവരി 27നായിരുന്നു ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത്രയും ദിവസമായിട്ടും പോലീസില്‍ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കോടതിയെ സമീപിച്ച് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യം ആവശ്യപ്പെടുമെന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞതിന് പിന്നാലെ പുത്തന്‍കുരിശ് ഡിവൈഎസ്പി ബന്ധപ്പെട്ടിരുന്നുവെന്നും രണ്ട് ദിവസത്തിനകം വിവരം പറയാമെന്ന് അറിയിച്ചിരുന്നുവെന്നുമാണ് പിതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ ഒരു കൊറിയന്‍ സുഹൃത്ത് ഉണ്ടോയെന്നതിലും പിതാവ് സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണു സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്. അല്ലങ്കില്‍ കൊറിയന്‍ സുഹൃത്ത് മരിച്ചുപോയി എന്ന് പെണ്‍കുട്ടി എങ്ങനെ അറിഞ്ഞുവെന്നും അപ്പോള്‍ അവര്‍ക്കിടയില്‍ ആരോ ഇല്ലേ എന്ന സംശയവും പിതാവ് പങ്കുവെച്ചു.



