പതിവ് വാർത്താ സമ്മേളനത്തിനിടെ സൈറൺ മുഴങ്ങി, ഹാൾ വിട്ടിറങ്ങി ക്ലോഡിയ ഷെയ്ൻബോം, മെക്സിക്കോയിൽ ഭൂകമ്പം 2 മരണം

മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമിന്റെ വാർത്താ സമ്മേളനത്തിനിടെ ഭൂകമ്പം. സമ്മേളന ഹാൾ വിട്ട് ക്ലോഡിയ ഷെയ്ൻബോം. 6.5 തീവ്രതയുള്ള ഭൂകമ്പമാണ് മെക്സിക്കോയുടെ തലസ്ഥാനത്ത് വെള്ളിയാഴ്ചയുണ്ടായത്. രണ്ട് പേർ കൊല്ലപ്പെട്ട ഭൂകമ്പത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മെക്സിക്കോയിലെ പ്രമുഖ തുറമുഖവും ബീച്ച് റിസോർട്ട് കേന്ദ്രവുമായ അക്കാപുൽകോയ്ക്ക് സമീപത്താണ് ഭൂകമ്പത്തിന്റെ തീവ്രമായ പ്രഭാവം അനുഭവപ്പെട്ടതെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ വിശദമാക്കുന്നത്. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് ഭൂകമ്പമുണ്ടായത്. പ്രഭവ കേന്ദ്രത്തിന് 400 കിലോമീറ്റർ ചുറ്റളവിൽ ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ആളുകൾ കെട്ടിടങ്ങൾ വിട്ട് തെരുവിലേക്ക് എത്തി. രണ്ടാം നിലയിൽ നിന്ന് താഴേയ്ക്ക് എത്താനുള്ള ശ്രമത്തിനിടെയാണ് 60 കാരനായ ഒരാൾ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റിന്റെ വസതിയിൽ സ്ഥിരം നടക്കുന്ന വാർത്താ സമ്മേളനത്തിനിടെ അപകട സൈറൺ മുഴങ്ങിയതോടെ ക്ലോഡിയ ഷെയ്ൻബോം പുറത്തേക്ക് പോവുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മെക്സിക്കോയ്ക്ക് തെക്ക് പടിഞ്ഞാറുള്ള ഗുരേരോ സംസ്ഥാനത്തെ സാൻ മാക്രോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് മെക്സിക്കോയുടെ നാഷണൽ സീസ്മോളജിക്കൽ സർവ്വീസ് വ്യക്തമാക്കിയത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിനിടെ വീട് തകർന്ന് വീണാണ് അൻപതുകാരി മരിച്ചത്. 50ഓളെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാൻ മാകോസിൽ എല്ലാ വീടുകൾക്കും വിള്ളലുണ്ടായിട്ടുണ്ട്.




