തിരഞ്ഞെടുപ്പ് ഫല പ്രഖാപന ദിവസത്തെ എസ്.ഐ.ആര്‍ അവലോകന യോഗം…

രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനാധിപത്യ പ്രക്രിയയുടെയും മേല്‍ ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കടന്നുകയറ്റം….
തിരുവനന്തപുരം- എസ്.ഐ.ആര്‍ പുരോഗതി വിലയിരുത്താനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ 13 ന് വിളിച്ചു കൂട്ടാനുള്ള ചീഫ് ഇലക്ടറല്‍ ഓഫീസറുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന ദിവസം തന്നെ ഇപ്രകാരം ഒരു യോഗം വിളിക്കാനുള്ള അധികൃതരുടെ തീരുമാനം അത്ഭുതമുളവാക്കുന്നതാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കുള്ള കത്തില്‍ ബിനോയ് വിശ്വം പറഞ്ഞു. ഫലം പുറത്തുവരുന്ന ഡിസംബര്‍ 13ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ വിശകലനത്തിലും വിലയിരുത്തലിലും വ്യാപൃതമായിരിക്കുമ്പോള്‍ നേതാക്കന്മാര്‍ക്ക് എസ്.ഐ.ആര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രയാസമായിരിക്കും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനാധിപത്യ പ്രക്രിയയുടെയും മേല്‍ ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കടന്നുകയറ്റമായേ ഈ നീക്കത്തെ കാണാന്‍ കഴിയൂ. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ച് ഡിസംബര്‍ 13ന്റെ യോഗം സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് മാറ്റി വയ്ക്കണമെന്ന് സി.പി.ഐ സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.



