‘പറയാനുള്ളത് പറഞ്ഞല്ലോ എന്നൊരു ആശ്വാസമുണ്ട് ഇപ്പോൾ’..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പേരാണ് പുഷ്പവതി. സർക്കാർ സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോൺക്ലേവിന്റെ സമാപന ദിവസത്തിലാണ് ഈ പേര് ഉയർന്നുകേട്ടത്. എന്നാൽ അതിനു മുമ്പും ഈ പേര് ഉയർന്ന് വന്നിട്ടുണ്ട്. ഈ ശബ്ദം നമ്മൾ ആസ്വദിച്ചിട്ടുണ്ട്. കോൺക്ലേവിന്റെ സമാപന വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമുയർത്തിയിരുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നും സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമായിരുന്നു അടൂർ നടത്തിയ വിവാദ പരാമർശം. അതിനു എതിരെ ഗായികയും സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്‌പാടത്ത് പ്രതിഷേധം അറിയിച്ചിരുന്നു. അന്ന് അടൂർ ഗോപാലകൃഷ്ണനും, ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ പുഷ്പവതി ആരാണെന്നും അവരെ അറിയില്ലെന്നും പറയുകയുണ്ടായി. കേവലമൊരു ചോദ്യം കൊണ്ട് താഴ്ത്താൻ സാധിക്കുന്നതല്ല പുഷ്പവതിയുടെ സംഗീത ചരിത്രത്തിലെ സ്ഥാനം. രാഷ്ട്രീയവും പ്രതിരോധവും നിറഞ്ഞ സംഗീതത്തിലൂടെയാണ് സാംസ്‌കാരിക രംഗത്ത് സ്വന്തമായൊരു ഇടം പുഷ്പവതി അടയാളപ്പെടുത്തുന്നത്.
സ്കൂൾ പഠനം കഴിഞ്ഞ് പ്രീഡിഗ്രി കേരള വർമ്മ കോളേജിൽ പൂർത്തിയാക്കി. ശേഷം പാലക്കാട് ചെബൈ കോളേജിൽ 7 വർഷം ഗാനപ്രവീണ പഠിച്ചു. ഒന്നാം റാങ്കോടെ പാസ്സായി. 2001ലാണ് പുഷ്പവതി സിനിമാസംഗീത രംഗത്ത് ചുവടുവച്ചത്. ‘ നമ്മൾ’ സിനിമയിലെ ‘കാത്തു കാത്തൊരു മഴയത്ത്’ എന്ന ഗാനമാണ് സിനിമ രംഗത്തെ ആദ്യ ഗാനം. ‘സാൾട്ട് ആൻഡ് പെപ്പറിലെ’ ‘ചെമ്പാവിൻ പുന്നെല്ലിൻ ചോറോ’, ‘സുലൈഖ മൻസിലി’ലെ ‘പാതി ചിരി ചന്ദ്രികയെ’ തുടങ്ങിയ ജനപ്രീതി നേടിയ പാട്ടുകളെല്ലാം പുഷ്പവതിയുടേതാണ്. എന്നിട്ടും പുഷ്പവതിയെ പലർക്കും അറിയില്ല. എന്നാൽ അതിനുപിന്നിലും ഒരു രാഷ്ട്രീയമുണ്ടെന്ന് പുഷ്പവതി പറയുന്നു. ദളിത് ശരീരങ്ങൾ നാടൻ പാട്ടുകൾ മാത്രമേ പാടാൻ പാടുള്ളു എന്നൊരു ചിന്താഗതി ഇന്നും നിലനിൽക്കുന്നു. സംഗീത രംഗത്ത് സ്വന്തമായി ഇടം കണ്ടെത്തിയിട്ടും അവസരങ്ങൾ ലഭിക്കാതെ പോയതിന് പിന്നിലും അത്തരമൊരു രാഷ്ട്രീയമുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്തതുകൊണ്ടാവാം തന്നെ ആരും ശ്രദ്ധിക്കാതെ പോയത്. സിനിമയിൽ പാടിയിട്ടുള്ളതിനേക്കാൾ സ്വന്തമായി ചെയ്ത പാട്ടുകളാണ് അധികവും. സമൂഹത്തിന് ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളിലാണ് താൻ പാട്ടെഴുതാറുള്ളതെന്നും പുഷ്പവതി പറയുന്നു. ‘ചില സാമൂഹ്യ പ്രശ്നങ്ങളെ പാട്ടുകൊണ്ട് അഡ്രസ് ചെയ്യാറുണ്ട്. ഇതൊന്നും മറ്റാർക്കും വേണ്ടി ചെയ്യുന്നതല്ല. സ്വന്തം ചെലവിലാണ് ഇത്തരം പാട്ടുകൾ ഇറക്കുന്നത്.’
‘ചെറുപ്പത്തിലെ നന്നേ കഷ്ടപ്പെട്ടാണ് താൻ വളർന്നത്. അന്ന് അച്ഛൻ മടിയിലിരുത്തി ‘ചന്ദ്രികലയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന് പാടിത്തരുന്നത് ഇന്നും ഗായികയുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. അങ്ങനെ പാട്ടു കേട്ട് അതിൽ സന്തോഷം കിട്ടിത്തുടങ്ങി. തന്റെ മനസ്സിനെ സംത്രിപ്തിപെടുത്തുന്ന എന്തോ ഒന്ന് സംഗീതത്തിൽ ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അന്ന് മുതലാണ് പാട്ടുകളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. അച്ഛനായിരുന്നു തന്റെ റേഡിയോ എന്നും പുഷ്പവതി പറയുന്നു.