മരുന്നില്ലാതെ ‘ബിപി’ കുറയ്ക്കാം.. ഇവ കഴിച്ചോളൂ…

ഉയർന്ന രക്തസമ്മർദത്തെ പലപ്പോഴും നിശബ്ദ കൊലയാളിയെന്നാണ് ആരോഗ്യ വിദഗ്ധർ വിശേഷിപ്പിക്കാറ്. ലോകത്താകമാനം 128 കോടി ജനങ്ങളിൽ രക്തസമ്മർദം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഹൃദ്രോഗങ്ങൾ വരാനുള്ള ഒരു പ്രധാന ഘടകവും ഉയർന്ന രക്തസമ്മർദമാണ്. രക്തസമ്മർദത്തെ നിയന്ത്രിക്കാൻ ജീവിതശൈലിയിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് ഭക്ഷണക്രമം, വ്യായാമം എന്നിവയാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം ദൈനംദിന ഡയറ്റിൽ ഫ്ലേവൻ-3-ഓൾ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുക എന്നതാണ്.നിരവധി പഠനങ്ങള്‍ ഇത് മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്. ഫ്ലേവനോൾസ് അല്ലെങ്കിൽ കാറ്റെച്ചിനുകൾ എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡ് കുടുംബത്തിൽ പെടുന്ന പ്രകൃതിദത്ത സസ്യ സംയുക്തങ്ങളാണ് ഫ്ലേവൻ-3-ഓളുകൾ. ചെടികൾക്ക് അവയുടെ നിറം നൽകുന്നതിലും സൂര്യപ്രകാശത്തിൽ നിന്നും കീടങ്ങളിൽ നിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നതിലും സഹായിക്കുന്നത് ഫ്ലേവൻ-3-ഓൾ ആണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
കൊക്കോ, ഗ്രീൻ ടീ, ബ്ലാക്ക് ടീ, മുന്തിരി, ആപ്പിൾ, ബെറിപ്പഴങ്ങൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവയിൽ ഫ്ലേവൻ-3-ഓൾ പ്രകൃതിദത്തമായി അടങ്ങിയിട്ടുണ്ട്.
ഫ്ലേവൻ-3-ഓൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കുന്നതു കൊണ്ടുള്ള പാർശ്വഫലങ്ങൾ അപൂർവമാണെന്നും ഇത് സുരക്ഷിതമാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും ഇതിൽ കൂടുതൽ പഠനം ആവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹരോഗികളിൽ, ഫലങ്ങൾ സ്ഥിരത കുറഞ്ഞവയായിരുന്നു. ഫ്ലേവൻ-3-ഓളുകൾ മരുന്നുകളുമായി എങ്ങനെ ഇടപഴകുന്നുവെന്നും മറ്റ് ആരോഗ്യകരമായ ശീലങ്ങളുമായി സംയോജിപ്പിക്കുമ്പോൾ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമോ എന്നും വിലയിരുത്തേണ്ടതുണ്ട്.


