‘ഹിന്ദു വിരുദ്ധതയിൽ സിദ്ധരാമയ്യയും പിണറായി വിജയനും സ്റ്റാലിനും ത്രിമൂർത്തികൾ’..
കേരളത്തിൽ ധർമ സാമ്രാജ്യത്തിന് തുടക്കമാവുകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ഹിന്ദു വിരുദ്ധ സർക്കാരാണ് ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും അത് നടത്താൻ അവർക്ക് യാതൊരു അവകാശവുമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞവർ മത പരിപാടി സംഘടിപ്പിക്കുകയാണെന്നും ഭക്തരേക്കാളേറെ ഒഴിഞ്ഞ കസേരകളാണ് പമ്പാ സംഗമത്തിന് ഉണ്ടായിരുന്നതെന്നും തേജസ്വി പരിഹസിച്ചു. ഹിന്ദു വിരുദ്ധതയിൽ സിദ്ധരാമയ്യയും പിണറായി വിജയനും എം കെ സ്റ്റാലിനും ത്രിമൂർത്തികളാണെന്നും തേജസ്വി സൂര്യ പറഞ്ഞു. പന്തളത്ത് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ ക്ഷേത്രങ്ങൾ തകർക്കാനുളള ശ്രമമാണ് നടക്കുന്നത്. നാം നമ്മുടെ ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷങ്ങളും സംരക്ഷിക്കണം. പലപ്പോഴായി ശബരിമല സന്ദർശിച്ചിട്ടുളള ആളാണ് ഞാൻ. എന്ത് വികസനമാണ് അവിടെ നടക്കുന്നത്? പമ്പയിലേക്ക് ഇറങ്ങാനാകുമോ? നിരീശ്വരവാദി കമ്മ്യൂണിസ്റ്റ് ഭരണകൂടം തകരണം. കേരളത്തിൽ ബിജെപി ഭരണകൂടം അധികാരത്തിലെത്തണം. വിശ്വാസികളെ മാനിക്കുന്നവർ ഭരിക്കണം.’: തേജസ്വി സൂര്യ പറഞ്ഞു.
കർണാടകയിലെ ധർമസ്ഥലയിൽ ഉണ്ടായ കൂട്ടശവസംസ്കാര പരാതിയെക്കുറിച്ചും തേജസ്വി സൂര്യ പ്രതികരിച്ചു. ‘ആരാ എന്താ എന്ന് അറിയാത്ത ഒരാൾ വന്ന് ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്ന് പറയുന്നു. പൊടുന്നനെ കമ്മ്യൂണിസ്റ്റുകാർ വന്ന് അന്വേഷണം ആരംഭിക്കുന്നു. കേരളവും തമിഴ്നാടും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ പ്രഖ്യാപിച്ച് ധർമസ്ഥലയിൽ എത്തുന്നു. ഇവർ തമ്മിലുളള അന്തർധാര മനസിലാക്കണം. ധർമസ്ഥലയിൽ നിന്ന് ഒന്നും തന്നെ ലഭിച്ചില്ല. വിനോദയാത്ര വരുന്നതുപോലെ ആളുകൾ വന്നു. ഇതുതന്നെയാണ് ശബരിമലയിലും നടക്കുന്നത്. നമ്മുടെ ക്ഷേത്രങ്ങൾ തകർക്കാനുളള ശ്രമമാണ് നടക്കുന്നത്’: തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.