സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഇന്ന് എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും..
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിൽ ഇന്ന് എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. രാത്രി ഇരുവരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമെന്നാണു സൂചന. ശിവകുമാർ ഇന്നലെ ഡൽഹിയിലെത്തി. സിദ്ധരാമയ്യ ഇന്നു രാവിലെ ഡൽഹിക്കു പോകും. മൈസൂരു ദസറയിൽ എയർഷോ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചർച്ച നടത്തും.
അതേസമയം, സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരെ അനുനയിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെ രണ്ടാംഘട്ട കൂടിക്കാഴ്ച ഇന്നു സമാപിക്കും. 3 ദിവസത്തെ ചർച്ചയിൽ 63 എംഎൽഎമാരെയാണ് സുർജേവാല കാണുന്നത്. ആദ്യ ഘട്ടത്തിൽ ജൂൺ 30 മുതൽ കഴിഞ്ഞ 2 വരെ 40 എംഎൽഎമാരെ അദ്ദേഹം കണ്ടിരുന്നു. അടുത്ത ആഴ്ച ബാക്കിയുള്ള എംഎൽഎമാരുമായി സുർജേവാല ചർച്ച നടത്തും.