ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വീണ്ടും മാറ്റി.. ബഹിരാകാശത്തേക്ക് ഇന്ത്യന്‍ വിഭവങ്ങളും.. തിരഞ്ഞെടുത്തത് ഇവ മൂന്നും…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ജൂൺ 11-ലേക്ക് മാറ്റി. ഇന്ത്യൻ സമയം വൈകിട്ട് 5.52-നാണ് ആക്‌സിയം ഫോർ ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുക. നേരത്തെ ജൂൺ എട്ടിനാണ് ദൗത്യം തീരുമാനിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്.

ദൗത്യത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പൗരനായി ശുഭാംശു ശുക്ല മാറും. ആക്‌സിയം സ്‌പേസിന്റെയും നാസയുടെയും ഐ എസ് ആർ ഒ യുടെയും സംയുക്ത ദൗത്യമാണിത്. 14 ദിവസം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലുണ്ടാകും.ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകാനുള്ള പരിശീലനത്തിന്റെ ഭാഗമാണ് ആക്‌സിയം ഫോർ ദൗത്യം.

അതേസമയം ബഹിരാകാശയാത്രയില്‍ ഇന്ത്യയില്‍നിന്നുള്ള ചില ഭക്ഷണങ്ങള്‍ അദ്ദേഹം കൊണ്ടുപോകുമെന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) പുറത്തുവിട്ട വിവരം. മാങ്ങകൊണ്ടുള്ള മധുരമുള്ള ഒരു പാനീയം, അരി, മൂങ് ദാല്‍ ഹല്‍വ എന്നീ ഭക്ഷണങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഉന്മേഷം നല്‍കുന്ന മാമ്പഴപാനീയം മൈക്രോഗ്രാവിറ്റിയില്‍ ഒരു സിപ്പര്‍ ഉപയോഗിച്ചാണ് കുടിക്കുക, ഒട്ടിപ്പിടിക്കാത്ത പ്രകൃതമായതിനാല്‍ അരി കൊണ്ടുപോകുന്നത് വെല്ലുവിളിയായേക്കാം. കൂടുതല്‍ മധുരമേറിയ മൂങ് ദാല്‍ ഹല്‍വ നന്നായി പാക്ക് ചെയ്താണ് ബഹിരാകാശനിലയത്തിലേക്ക് കൊണ്ടുപോകുന്നത്.ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തേയും പാചകപൈതൃകത്തേയും പ്രതിനിധാനം ചെയ്യാനാണ് രാജ്യത്തുനിന്ന് ഭക്ഷണം കൊണ്ടുപോകുന്നത്.

Related Articles

Back to top button