‘ശ്രുതിയുടെ വീട് വാഗ്ദാനം പച്ചക്കള്ളം…. ജില്ലാ സെക്രട്ടറിക്ക് ചേരാത്ത പെരുമാറ്റം’…. കെ. റഫീഖിന് ടി. സിദ്ദിഖിന്റെ മറുപടി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നൽകുമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചുവെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ആരോപണങ്ങൾ തള്ളി ടി. സിദ്ദിഖ് എംഎൽഎ. രാഷ്ട്രീയ ലാഭത്തിനായി ദുരന്തബാധിതരെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു.
ശ്രുതിക്ക് വീട് നിർമ്മിച്ച് നൽകുന്നത് ‘ടൈം ന്യൂസ്’ എന്ന യൂട്യൂബ് ചാനൽ പ്രവർത്തകരാണ്. ഈ വസ്തുത മറച്ചുവെച്ചാണ് ജില്ലാ സെക്രട്ടറി തനിക്കെതിരെ കള്ളം പ്രചരിപ്പിക്കുന്നത്. വീട് സ്പോൺസർ ചെയ്തവരെ അഭിനന്ദിച്ചുകൊണ്ട് താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി മുറിച്ചാണ് കുപ്രചാരണത്തിന് ഉപയോഗിക്കുന്നത്. തറക്കല്ലിടൽ ചടങ്ങിൽ താനുൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തത് വാർത്തയായതുമാണ്.
വീട് വാഗ്ദാനം ചെയ്ത ഏജൻസി നിർമ്മാണത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ താൻ ഇടപെട്ട് അത് പരിഹരിച്ചിരുന്നു. എന്നാൽ താൻ നേരിട്ട് വീട് നൽകാമെന്ന് എവിടെയും പറഞ്ഞിട്ടില്ല. വിഷയ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് സിപിഐഎം എന്ന് തെളിയിച്ചിരിക്കുകയാണ്. തന്നെ കൂവി തോൽപ്പിക്കാൻ നോക്കിയതിന്റെ തുടർച്ചയായാണ് ഈ ഗൂഢാലോചനയെന്നും അദ്ദേഹം ആരോപിച്ചു.ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് ഇത്ര വലിയ പച്ചക്കള്ളം പറയരുതെന്നും, ശ്രുതിയെപ്പോലെയുള്ള ഒരാളെ രാഷ്ട്രീയ പോരിനായി ഉപയോഗിക്കുന്നത് സാംസ്കാരിക അപചയമാണെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.



