ഇപ്പോഴും ഐസിയുവിൽ… നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത്
പരിപാടിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിൽസയിലുള്ള നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദീർഘനാളത്തേക്ക് ചികിത്സ ആവശ്യമായി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി പ്രതാപ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
”രാജേഷ് ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്, ബിപിയും, പൾസുമൊക്കെ നോർമൽ ആണെങ്കിലും കാർഡിയാക് അറസ്റ്റിനെ തുടർന്നുണ്ടായ അവസ്ഥകൾ പരിഹരികരിക്കാൻ കൂടുതൽ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കാം എന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. തിരിച്ചു വരവിന്റെ അടയാളങ്ങൾ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടർ പറയുന്നു.
കാത്തിരിപ്പിന് അർത്ഥമുണ്ടാകും
രാജേഷിന് നല്ല കെയറും ചികിത്സയും ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ലേക് ഷോർ ഹോസ്പിറ്റൽ ഡോക്ടമാരുടെ ഒരു പാനൽ രൂപീകരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേററ്റ്സും കുടുംബത്തിന് നൽകുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ദ ചികിത്സ തേടാൻ കേരളത്തിന് പുറത്തുള്ള ഈ മേഖലയിലെ കൂടുതൽ പരിചയ സമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടർമാർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ പരിഗണന രാജേഷിന്റെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി ആരോഗ്യ നില സ്റ്റേബിൾ ആക്കുക എന്നുള്ളതാണ്. അത് കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കുന്നുള്ളൂ. നല്ല ചികിത്സയും, ആത്മാർത്ഥമായ പ്രാർത്ഥനയും, രാജേഷിന്റെ തിരിച്ചു വരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിന് അർത്ഥമുണ്ടാകും.