കായംകുളത്തു ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി മോഷണം….മോഷണം നടത്തുന്നത്…

കായംകുളം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം പിടിയിൽ. കൃഷ്ണപുരം മാരൂർത്തറ പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ അൻവർ ഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയിൽ ശ്യാംജിത്ത് (31) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കാപ്പിൽ കിഴക്ക് 1657-ാം നമ്പർ എസ്. എൻ. ഡി. പി ശാഖ ഗുരുമന്ദിരത്തിൻറെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
ബൈക്കിലെത്തിയ മൂന്ന് പേർ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്തിനെതിരെ ആലപ്പുഴ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകൾ നിലവിലുണ്ട്. ഡി. വൈ. എസ്. പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി.ഐ അരുൺ ഷാ, എസ്. ഐമാരായ രതീഷ് ബാബു, വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, നിഷാദ്, അഖിൽ മുരളി, അരുൺ, വിഷ്ണു, സോനു ജിത്ത്, ഗോപകുമാർ, ഷിബു, അമീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button