ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവർത്തകൻ ചെരുപ്പ് എറിഞ്ഞു… ഉണ്ണികൃഷ്ണൻപോറ്റി ഇരമാത്രം…
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവർത്തകരുടെ ചെരുപ്പേറ്. റാന്നി കോടതിയിൽനിന്ന് പുറത്തേക്ക് ഇറങ്ങവെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരുപ്പേറുണ്ടായത്. പ്രാദേശിക ബിജെപി പ്രവർത്തകനായ സിനു എസ് പണിക്കരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരുപ്പ് എറിഞ്ഞത്. മുൻകൂട്ടി നിശ്ചയിച്ചല്ല ചെരുപ്പ് എറിഞ്ഞതെന്ന് സിനു പിന്നീട് പ്രതികരിച്ചു.
ചെരുപ്പെറിഞ്ഞത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അല്ലെന്നായിരുന്നു സിനുവിന്റെ പ്രതികരണം. സർക്കാരിനെതിരെയുള്ള പ്രതിഷേധം എന്നനിലയിൽ ആ സമയത്തെ വികാരംകൊണ്ട് ചെയ്തതാണെന്നും സിനു പറഞ്ഞു. ‘ഉണ്ണികൃഷ്ണൻപോറ്റി ഇരമാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഒത്താശയോടെത്തന്നെ ചെയ്തിട്ടുള്ള വലിയാെരു കൊള്ളതന്നെയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇനിയും രേഖപ്പെടുത്തും’- എന്നും സിനു പറഞ്ഞു.
അതേസമയം, ഉണ്ണികൃഷ്‌ണൻ പോറ്റിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്‌ടോബർ 30 വരെ 14 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അതീവ രഹസ്യമായിരുന്നു കോടതി നടപടികൾ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും മാത്രമാണ് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നത്.