ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ… ശബ്ദസന്ദേശം പുറത്ത്…

ആലപ്പുഴ: തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ബിജെപിയിൽ കടുത്ത ആഭ്യന്തര കലഹം. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ബിന്ദു ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

നിശ്ശബ്ദ പ്രചാരണ ദിവസം കണ്ണാടി തരുവക്കുറിശിയിൽ വോട്ടർക്ക് 5,000 രൂപ നൽകിയെന്ന പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നു. വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നാണ് ശോഭയുടെ ആരോപണം. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ എത്തിയതെന്ന് ശോഭ സന്ദേശത്തിൽ പറയുന്നു. സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ച ശോഭ, ബിന്ദുവിനെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും സന്ദേശത്തിലുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ നിന്ന് മത്സരിച്ചിരുന്നു. അന്നു മുതൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാർട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനമെന്നാണ് സൂചന.

Related Articles

Back to top button