കന്യാസ്ത്രീകളുടെ അറസ്റ്റിൽ ‘ക്രൈസ്തവർ വൈകാരികമാകരുത്… വിവേകത്തോടെ നോക്കിക്കാണണം’..

ഛത്തീസ്ഘഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമപരമായി മാത്രമേ ഇടപെടാനാകൂവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. ഹൈക്കോടതി നിർദേശമുള്ളത് കൊണ്ടാണ് ജാമ്യാപേക്ഷ എൻഐഎ കോടതിക്ക് പരിഗണിക്കേണ്ടി വരുന്നത്. പക്ഷേ നിയമവശം നോക്കിയല്ല, സഭാ നേതൃത്വം വൈകാരികമായാണ് പ്രതികരിച്ചത്. ക്രൈസ്തവർ വിവേകത്തോടെ നോക്കിക്കാണണം. ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്ന കോൺഗ്രസ്, നാറിയ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രിമാർക്ക് കോടതിയിൽ പോയി പറയാനാകില്ലെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്തവ സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ആദ്യം ബജ്റംഗ്ദൾ പ്രവർത്തകരാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞു വച്ചത്.  ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ചുമത്തിയത്. 

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും  ചുമത്തിയതോടെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ല. സംഭവത്തിൽ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാണ്. പാർലമെന്റിലടക്കം വിഷയം കോൺഗ്രസ് ഉന്നയിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകൾ ഇന്ന് മാർച്ച് നടത്തി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്ര‌തിഷേധം. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേർ മാര്‍ച്ചിൽ പങ്കെടുത്തു.

Related Articles

Back to top button